Vinnies (Saint Vincent De Paul Society) ഈ നാട്ടിലെ എല്ലാ ഇടവകകളിലും പ്രവർത്തിക്കുന്നു. നിരാലംബകർക്കും അശരണർക്കും കൈത്താങ്ങായി പ്രവർത്തിക്കുന്ന Vinnies പാവങ്ങളോടുള്ള നമ്മുടെ പ്രതികരണവും പ്രത്യുത്തരവും വിലയിരുത്തുവാൻ അവസരമൊരുക്കുന്നു. Vinnies തുടങ്ങിവച്ചത് ഒരു പള്ളിക്കത്തനാരാണ്. ഫാ. വിൻസെന്റ് ഡി പോൾ. ഫ്രാൻസിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള Gascony എന്ന സ്ഥലത്തു ഒരു പാവപ്പെട്ട കുടുംബത്തിലാണ് ജനനം1581 ൽ. "ദാരിദ്ര്യമെന്തെന്നറിഞ്ഞവർക്കേ
പാരിൽ പരക്ലേശ വിചാരമുള്ളൂ"
അതാണീ വിശുദ്ധാത്മാവിന്റെ ജീവിതത്തിൽ സംഭവിച്ചത്. അതിനൊരു അവസരമുണ്ടായതും തന്റെ ജീവചരിത്രത്തിൽ ഉണ്ട്. ഒരു കുമ്പസാരം, മരണത്തിനൊരുങ്ങുന്ന ഒരു കർഷകൻ, പാപമോചനം നൽകിയ വിൻസെന്റ് അച്ചനെ ആ പാപസങ്കീർത്തനം ആഴത്തിൽ സ്പർശിച്ചു. അച്ചനൊരു പുത്തൻ സൃഷ്ടിയായി മാറുകയായിരുന്നു. പിന്നെയുണ്ടായത് ഒരു ജൈത്രയാത്രയായിരുന്നു. പാവങ്ങളോട് അനുകമ്പനിറഞ്ഞ മനസ്സിന്റെ യാത്ര.
ഫാ വിൻസെന്റിന്റെ ലോജിക് ഇതാണ്. ഈശോയ്ക്കു ജനിക്കാൻ ഉന്നതശ്രേണിയിലെ സാഹചര്യങ്ങൾ തിരഞ്ഞെടുക്കാമായിരുന്നു. അതുണ്ടായില്ല. പരിമിതികളിൽ നിന്നാണ് തുടക്കം; ജീവിത ലാളിത്യമാണ് അടയാളം.
"പാവങ്ങളോട് സുവിശേഷം പ്രസംഗിക്കപ്പെടുന്നു. (ലൂക്ക 4 : 18 ) ". നല്ല ദൈവത്തിനു പാവങ്ങളോട് ഇഷ്ടവും സ്നേഹവുമാണ്. അങ്ങനെയെങ്കിൽ പാവങ്ങളെ ഇഷ്ടപെടുന്നവരെയും അവരെ ശുശ്രുഷിക്കുന്നവരെയും പരമകാരുണികനായ ദൈവം ഇഷ്ടപെടാതിരിക്കുമോ? അതിനാൽ പാവങ്ങളോട് പക്ഷം ചേരുന്ന ഹൃദയത്തിനു വേണ്ടി , കാരുണ്യവും ദയയും വഴിഞ്ഞൊഴുകുന്ന ഹൃദയത്തിനുവേണ്ടിയാണ് എന്നും പ്രാർത്ഥിക്കേണ്ടത്.
ഫാ വിൻസെന്റ് ഏറെ മുന്നോട്ടുപോവുകയാണ്. അദ്ദേഹം എഴുതുന്നു. പാവങ്ങൾക്ക് ചെയുന്ന ശുശ്രൂഷയെ മുൻഗണന നൽകി സ്വീകരിക്കണം. പ്രാർത്ഥനക്കുവേണ്ടി മാറ്റിവെയ്ക്കപ്പെട്ട സമയത്തായാൽ പോലും, അശരണനും രോഗിയുമായി ഒരുവനുണ്ടെന്നറിഞ്ഞാൽ കാരുണ്യത്തോടെ ശുശ്രൂഷിക്കാൻ മുന്നോട്ടുവരണം, മരുന്നുകൊടുക്കണം. ആ ശുശ്രൂഷ തന്നെ ഒരു പ്രാർത്ഥനയായി ദൈവപിതാവിനു അർപ്പിച്ചാൽ മതി. Charity takes precedence over everything else . വിശുദ്ധ പൗലോസിന്റെ വാക്കുകളെ കടമെടുത്തുകൊണ്ടു അക്കാര്യം വിൻസെന്റച്ചൻ സമർത്ഥിക്കുന്നു. "ഞാൻ എല്ലാവരിലും നിന്ന് സ്വാതന്ത്രനാണെകിലും വളരെപ്പേരെ നേടേണ്ടതിനു ഞാൻ എല്ലാവരുടെയും ദാസനായിത്തീർന്നിരിക്കുന്നു........എല്ലാ പ്രകാരത്തിലും കുറേപ്പേരെ രക്ഷിക്കേണ്ടതിനു ഞാൻ എല്ലാവർക്കും എല്ലാമായി. ( 1 കൊറി 9:19, 22)".
ഒരു വികാരിയച്ചൻ - ഫാ വിൻസെന്റ് തനിക്കു ലഭിച്ച ബോധ്യത്തിനനുസരിച്ചു പ്രവർത്തിക്കാൻ തുടങ്ങിയത് ഇന്ന് എല്ലാ രാജ്യങ്ങളിലും ചെന്നെത്തിക്കൊണ്ടിരിക്കുന്നു. വിന്നീസ് എന്ന പേരിലും ഫ്രെഡിസ്‌വാൻ എന്ന പേരിലുമൊക്കെ അത് ആസ്‌ത്രേലിയൻ സിറ്റികളിലും പ്രാന്തപ്രദേശങ്ങളിലും പ്രവർത്തനക്ഷമമാണ്. യുവജങ്ങൾക്കു കമ്മ്യൂണിറ്റി സർവീസിൽ പങ്കുചേർന്നു പ്രവർത്തിക്കുന്നതിനും അവർ അവസരമൊരുക്കി വരുന്നു. അനാഥരെയും വിധവകളെയും അഗതികളെയും അശരണരെയും ശുശ്രൂഷിക്കുന്നതിൽ ഒരു ഈശോ ശിഷ്യനും മടുപ്പു തോന്നാതിരിക്കട്ടെ.
"എനിക്ക് വിശന്നു നിങ്ങൾ എനിക്ക് ഭക്ഷണം തന്നു...........അതിനാൽ എന്റെ പിതാവിനാൽ അനുഗ്രഹിക്കപെട്ടവരെ വരുവിൻ."
Fr. Fredy Eluvathingal